കൊച്ചി: വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധൂവരന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 26-ന് വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം. കാസർഗോഡ് പൂച്ചക്കാട് സ്വദേശിനിയായ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി വി. അമൽ (26) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ലോഡ്ജ് മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി വരെ ബാങ്കിൽ ജോലിയിലുണ്ടായിരുന്ന അനുശ്രീ, അതിനുശേഷമാണ് ജീവനൊടുക്കിയത്. ഈ സമയം അനുശ്രിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അമൽ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും സഹോദരി വ്യക്തമാക്കി. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് കുടുംബത്തിന് വിവരമില്ല.
രാവിലെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും, അവർ എത്തി നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പോലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അനുശ്രീ മരിച്ചതറിഞ്ഞ അമൽ, ബുധനാഴ്ച രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയും തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
സംശയം തോന്നി സുഹൃത്തുക്കൾ അന്വേഷിച്ചെത്തി വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.